9/07/2017

റെയിൻകോട്ട്

മുറിയിൽ എത്തിയപ്പോഴേയ്ക്കും മഴ തോർന്നു. അതെപ്പോഴും അങ്ങനെയാണ്. തന്റെ വരവിനായി ഇരുളടഞ്ഞ റെയിൽവേ സ്റ്റേഷനിൽ മേഘങ്ങൾ കാത്തിരിയ്ക്കും. പിന്നെ ഒരു കോരിച്ചൊരിച്ചിലാണ്. തന്നെ മുഴുവനും നനച്ച് മുറിയുടെ കോണിലുള്ള കസേരയിൽ റെയിൻകോട്ട് തൂക്കിയിടും വരെ, അടുക്കടുക്കായി വഴിനീളെ വച്ചിരിയ്ക്കുന്ന അവളുടെ എല്ലാ പെയിന്റിങ്ങുകളിലും ജലപടം കോറിയിടുംവരെ, അവയ്ക്ക് തൃപ്തിയാവില്ല.
അങ്ങനെയെല്ലാം ചെയ്തെങ്കിലല്ലേ, പിറ്റേന്ന് കാലത്ത് അവൾ മുറിയിൽ കയറുമ്പോഴുള്ള ശകാരവർഷത്തിന് ഒരു ത്രില്ലുള്ളൂ. അതോടെ, അവരുടെ അടുപ്പം നിർണ്ണയിയ്ക്കുന്നതിൽ മേഘങ്ങളുടെ പങ്ക് തീരുകയും അവരിരുവരും തങ്ങളുടേതായ രീതിയിൽ വഴക്കിൻറെ ഗതിവിഗതികൾ തീരുമാനിയ്ക്കുകയും ചെയ്യുന്നു.
“ടാ തെണ്ടീ, നീയെന്തിനാ രാവിലെ തന്നെ എന്നെ കൊണ്ട് പറയിപ്പിയ്ക്കുന്നെ?”
“ഓ, തൊള്ളകീറാതെ ശവമേ.. നിൻറെ കെട്ടുമാറാപ്പൊന്നും ഞാൻ സ്ഥലം മാറ്റിയിട്ടില്ലല്ലോ. മഴയത്ത് കേറിയോണ്ട് ഇത്തിരി നനവ് തട്ടി. മഴ പെയ്തേനിപ്പോ ഞാൻ കൂട്ടിയാകൂടുമോ?”
“ഈ പാതിരായ്ക്ക് തന്നെ ഇങ്ങോട്ട് വലിഞ്ഞുകേറിവരാൻ നിന്നോട് ആരെങ്കിലും പറഞ്ഞോ? വീട്ടീന്ന് ദൂരെ നിൽക്കണ കുട്ടിയല്ലേ എന്ന ഒറ്റ പരിഗണനവെച്ചാ മൂപ്പിൽസ് എന്നെ ഇവിടെ വാടകയില്ലാതെ നിൽക്കാൻ സമ്മതിച്ചത്. അതൊക്കെ നീ ആലോചിയ്ക്കാറുണ്ടോ?”
“മതി മതി. പഴംപുരാണമൊന്നും എഴുന്നള്ളിയ്ക്കണ്ട. ഇപ്പൊ എന്താ പ്രശ്നം? നിൻറെ കുത്തിക്കോറലൊന്നും നനയ്ക്കരുത്, അത്രയല്ലേ ഉളളൂ?”
“നീ ഇനി വരണ്ട.”
എല്ലാം വീണ്ടും കേൾക്കാനായി അയാൾ മുറി തുറക്കാൻ പോവുന്നു. അന്നേരം, വാസ്തവമറിയാത്ത ഒട്ടേറെ വിചാരങ്ങൾ താക്കോൽപഴുതിലൂടെ പുറത്തേയ്ക്ക് അതിക്രമിയ്ക്കുകയായി :
അവൾ കോറിയിട്ട വരകളെല്ലാം തന്നെ മുമ്പത്തെ പല സന്ദർശനങ്ങളിലായി തന്റെ റെയിൻകോട്ട് നനച്ച് അലങ്കോലമാക്കിയതാണ്.
അവൾ എന്നും പറയാൻ ഓങ്ങിവച്ചിരുന്ന, പറയാതെപോയ, അവരുടെ ചരിത്രം അവ പേറുന്നുണ്ടാവാം..
അവയുടെ സ്ഥാനത്ത്, ആ മുറിയിലിപ്പോൾ അർഥമില്ലാത്ത കുറെ ശ്ലഥാക്ഷരങ്ങൾ പാറികളിയ്ക്കുന്നുണ്ടാവാം..
അതെല്ലാം മുറിയുടെ അങ്ങേയറ്റത്തെ ജാലകത്തിലൂടെ, തെരുവ് മുറിച്ചുകടക്കുന്ന ഏതോ ഒരു വഴിപോക്കൻ സസൂക്ഷ്മം ഒപ്പിയെടുക്കുന്നുണ്ടാവാം..
*
*
ഈ മുറിയുടെ മുന്നിൽ നിൽക്കുമ്പോൾ മാത്രം എന്തൊകൊണ്ടാണ് ഒരുതരം ഭ്രാന്ത് തന്നെ ആവേശിയ്ക്കുന്നത്? നട്ടപ്രവെയിലത്തും, എന്തിനാണ് ഈ ഭ്രാന്തൻ റെയിൻകോട്ടും തൂക്കി നിൽക്കുന്നത്?

No comments:

The pesky one among my multitudes

                      That one miserable crook who seeks constant validation? That devoured books like a bookworm without even an inkling of...